ഒരിക്കൽ തമ്മിൽ കണ്ടവരുടെ
ഓർമ്മ
ഒരിക്കൽ തമ്മിൽ മറന്നവരുടെ
ഓർമ്മ
ജീവിതം തളിർക്കാൻ
നമ്മളെത്ര
മഴകളാണ് നാട്ടുന്നത്

ഓർക്കും?
മുറിഞ്ഞ നാളുകളുടെ
ചതുപ്പുകളിൽ
വെള്ളാമ്പലുകൾ
പൂത്തു നിൽക്കുന്നെന്ന സ്വപ്നത്തിൽ നിന്നും ഉണർന്നിട്ടില്ല.
അടുത്തൊന്നും പച്ചകളില്ലാതെ ആ സ്വപ്നത്തിൽ
കറുത്ത ചതുപ്പും
അതിലാകെ പൂ വിത്തുകളും.
ജനാലകൾ തുറന്നിട്ടു കൊണ്ട്
അതിനെ പരിഭാഷപ്പെടുത്തി നോക്കുന്നു.
ഇന്നോ നാളെയോ അല്ല
ഇനി എന്നോ ഒരിക്കൽ
നീയെന്നെ എങ്ങനെ ഓർക്കും?
നിന്റെ ഭൂതകാലത്തിലെ ഏതോ
ആമ്പൽസന്ധ്യയെന്നോ.
അതോ
തൊട്ടാൽ താഴ്ന്ന് പോകുന്ന
ചതുപ്പിന്റെ രാത്രിയെന്നോ
അവൾ..!
വീടിന്റെയറ്റം കൈയ്യിൽ
ചുരുട്ടിപ്പിടിച്ചു കൊണ്ടൊറ്റ നടപ്പായിരുന്നു
ഭൂമി ചവിട്ടി കുലുക്കി പോകുന്ന മൂധേവിന്നാരേലും പറഞ്ഞിട്ടുമുണ്ടാകും
പുഴ വെള്ളത്തിൽ
മഴ വെള്ളത്തിൽ
സൂര്യനാമ്പൽ നടന്നുന്നത് കണ്ടോടീ പെണ്ണേ.
കാടിനറ്റം
കടലുണ്ട്
കര കാണാതെ പൂക്കുന്ന മരുതുണ്ട്
കേട്ടോടീ പെണ്ണേ.
അവൾ ചീരവേലിയുടെ തലപ്പ് നുള്ളി
വായിലിട്ടു കൈവീശി നടന്നു
നേരം വെളുക്കുമ്പോഴുള്ള പോക്കിനെ പറ്റി
അവൾ പോക്കാണെന്ന് പറയുന്നവരുണ്ട്
അവളൊന്ന് ചുമച്ചു നീട്ടി തുപ്പി
ഒന്ന് പരതി നോക്കി
വരമ്പിൽ കിടന്ന തേങ്ങായെടുത്തു സഞ്ചിയിലാക്കി
കൈതപൂത്തു,
കായൽ പച്ചയിൽ
വെയിൽ മഞ്ഞ പൂശി
കടവിലെ ഓളമെണ്ണി
പൂ നുള്ളി
കാറ്റ്
വന്ന്
കനവ് നിറയെ
കുളിർ തൂവി
മുറ്റം നിറഞ്ഞു കിടക്കുന്ന മാവിലകളെ
തൂത്തു കളയണം
കരി പിടിച്ച പാത്രങ്ങളെ വെളുപ്പിച്ചു നിരത്തണം
നാല് മാങ്ങയോ,ചീരയോ, കുമ്പളമോ
അവൾ തഞ്ചത്തിൽ
സഞ്ചിയിലാക്കും
വീടിന്റെയറ്റം ചുരുട്ടി പിടിച്ചവൾ
വേലി കടന്ന് നീട്ടിനടക്കും
കുതിരക്കാലീന്ന് അടക്കം പറയുന്നവരെ കടന്ന്
സഞ്ചി മുറുക്കെ പിടിച്ചു നടക്കും
ദൂരെ നിലാവുണ്ടെടീ പെണ്ണേ
നെഞ്ചിൽ തേങ്ങലുണ്ടെടീ
വറുതി വറ്റും
പൊറുതി മാറ്റും
തെച്ചി പൂവിട്ട മുറ്റമൊരുക്കും
അവൾ വീടിന്റെയറ്റവും ചുരുട്ടിപ്പിടിച്ച്
മുടി അഴിച്ചു വാരി കെട്ടി
വാതിൽ തുറക്കാത്ത
വീടിന്റെ തിണ്ണയിലിരുന്നു
സഞ്ചി കുടഞ്ഞിട്ടു
ചുരുട്ടിയ വീടിനെ
അഴിച്ചെടുത്തു
കുടഞ്ഞിട്ടു
ഓരോരുത്തികൾ
ഏതാണ്ടൊരു ഇരുണ്ട രാത്രിയുടെ
ഒത്ത നടുക്കൂന്നാണ്
തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയ ഒരുത്തി
വീട് വിട്ടിറങ്ങിയത്
നാലിന് എട്ടു നേരവും കണക്കുകൂട്ടി,
അഞ്ചാണ്ട് കടന്നിട്ടും തുളച്ചിറങ്ങാത്ത
കുടുക്കയും തല്ലി പൊട്ടിച്ച് കൂട്ടികെട്ടി,
ഇറങ്ങുന്നതിനും ഒരാഴ്ച മുന്നേ
അവള് രൂപാ അയ്യായിരം കരുതി വച്ചിരുന്നു.
അതും കുഞ്ഞൊരാട്ടിൻകുട്ടിയെ
വർഗീസ് മാപ്പിളയുടെ വീട്ടിൽ കണ്ടുവച്ചിട്ട്.
അന്നും നാലര വെളുപ്പിന് എണീറ്റു.
കാപ്പി തിളപ്പിച്ചു
മുറ്റമടിച്ചു
കയ്യാലയ്ക്കലെ, കാട് തെളിച്ചു
ചോറും, അയലക്കറിയും ഉണ്ടാക്കി.
ചാരവും, ചാണകവും ചേർത്ത് വാഴയ്ക്ക്
തടം കൂട്ടി.
കോവൽ വള്ളിയ്ക്ക് പന്തൽ നീട്ടി.
തുണിതുരുമ്മി, കുളിച്ചു കേറി.
അത്താഴപാത്രവും കഴുകി
ബാക്കി വറ്റ് പൂച്ചയ്ക്കും കൊടുത്തു.
കിടക്കവിരിച്ചു.
ചർപ്പുള്ള ഉമ്മകൾക്ക് കീഴെ അടങ്ങി കിടന്നു കൊടുത്തു.
കിതപ്പുകൾക്ക്, ഞെരിയലുകൾക്ക്
ഉടലുരിഞ്ഞു കൊടുത്തു.
കണ്ണ് പുകഞ്ഞ്,
കുരുക്കിൽ നിന്നും നിരങ്ങി പുറത്തു ചാടിയപ്പോൾ കണ്ടത്
ചാരാത്ത ജനാല നിറയെ നിലാവ്….
തൊണ്ട നനച്ചു, അടുക്കള വാതിൽ തുറന്നപ്പോൾ കണ്ടത്
തെളിച്ചമുള്ളൊരു ആകാശം
നിറയെ ഉരുണ്ട പഞ്ഞിമേഘങ്ങൾ….
എന്ത് തോന്നിയിട്ടോ
എല്ലിന്റിടയിൽ കേറിട്ടോ
അവളയ്യായിരം കൈയിൽ ചുരുട്ടി എടുത്തു
രണ്ട് സാരിയും
പാവാടയും
അടിവസ്ത്രങ്ങളും പൊതിഞ്ഞെടുത്തു
ഇളം നീല സാരി ചുറ്റി
വട്ടത്തിൽ കറുപ്പിച്ചു പൊട്ട് കുത്തി
വാതിൽ പോലും ചാരിയില്ല
മുറ്റത്തെ പിച്ചകത്തിൽ നിന്നൊരു പൂ പറിച്ചു
ഒരു മൂളിപ്പാട്ട് പാടി
അവളിറങ്ങി നടന്ന് പോയി…
ഇരുട്ടിലലിഞ്ഞകന്ന് പോയി…
കവലയ്ക്കലെ ചായക്കടയിലും
അയലത്തെ ശ്രീജയ്ക്കും, അമ്പിളിയ്ക്കും
ഒക്കെ പറയാറുള്ളത് അതാണ്
അവക്കടെ അഹങ്കാരം
അവൾ വല്ലോന്റേം കൂടെ പോയത് ആയിരിക്കുമെന്നേ
തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറിയ ഓരോരുത്തികൾ…
നില(തെറ്റി)യവൾ
അവളുടെ
വെളിച്ചത്തിന്
പതിനേഴ് നിലകളുണ്ട്
അതിന്റെ
ആദ്യത്തെ
നിലയിൽ
കാപ്പി കപ്പും
അവസാനത്തെ
നിലയിൽ
അലക്കുകല്ലുമായിരുന്നു
പടികളിലെല്ലാം
അവൾ
ചെടികൾ നട്ടു.
ഇലകളുള്ളതും,
പൂക്കളുള്ളതും.
വഴുതനയും,
കാന്താരിയും
മുളപ്പിച്ചു
പോരാത്തതിന്
മൂളിപ്പാട്ടും.
ചില ദിവസങ്ങളിൽ
എട്ടാമത്തെ
നിലയിലെ
വാതിലുകൾ
തുടച്ചവൾ
സമയം കളയും
തലവേദനയാണെന്ന്
നുണ പറയും
ചില ദിവസങ്ങളിൽ
രണ്ടാമത്തെ
നിലയിലെ
അടുപ്പുകല്ലിലവൾ
ചിത്രങ്ങൾ
വരയ്ക്കും
മോര്കറിയ്ക്ക്
ഉപ്പ് കൂട്ടിയിടും
ചില ദിവസം
അവൾക്ക്
ഒന്നാമത്തെ
നിലയിലെ
കാപ്പി കപ്പിൽ
ഉലുവമണം വേണമെന്നവൾക്ക്
ആശ തോന്നും
ഉള്ളി മൂപ്പിച്ചിട്ട
നെയ്യ് മണമുള്ള
ചോറിൽ
വിരലുകൾ
ഒളിപ്പിച്ചു
വയ്ക്കാൻ തോന്നും
ചുണ്ടയ്ക്ക
വറുത്തിട്ട
കൊളമ്പിൽ
കുളിക്കാൻ തോന്നും
ചില ദിവസമെന്നില്ല
ഒരു ദിവസവും
അവൾക്കവിടെ
പണിയൊന്നുമില്ല പോലും
അവക്കടെ ഇഷ്ടമൊന്നും
അവിടെ
ആർക്കും ഇഷ്ടവുമല്ല
അവൾ വീട്ടിൽ
വെറുതേ ഇരിക്കുന്നവളല്ലേ.
ചില ദിവസം
പതിനാറാം നിലയിലെ
അലക്കുകല്ലിന്റെ
ചോട്ടിൽ നിന്ന്
അവൾക്ക്
മഞ്ചാടിമണികൾ കിട്ടും
ഒഴിഞ്ഞ മിഠായികൂടുകൾ കിട്ടും
കൂട്ടത്തിൽ
അവളുടേതല്ലാത്ത
ഒരുവളുടെ മണവും.
അവളതെല്ലാം ഉരച്ചു കഴുകും
മടക്കി, അടുക്കി
വയ്ക്കും.
കണ്ണ് കറുപ്പിച്ചെഴുതും
കാൽ നഖങ്ങളിൽ
മയിലാഞ്ചി പൊത്തും
കൊലുസ്സിന്റെ കൊളുത്ത്
കടിച്ചു മുറുക്കും.
അതിൽപ്പിന്നെ
ചില ദിവസം
അവൾ
ഒന്നാം നിലയിലെ
വാതിലുകൾപ്പൂട്ടി
കാപ്പികപ്പുമായി
പുറത്തു പോകും
കൂട്ടത്തിൽ
വെണ്ടയ്ക്കയുടെയോ
ചീരയുടെയോ
കറയുള്ള
കത്തിയും
അവൾ
ഒളിപ്പിച്ചു പിടിച്ചിരിക്കും
ആ ദിവസം
പത്താം നിലയിലെ
അക്വേറിയത്തിലെ
നീലച്ചിറകുള്ള
മൽസ്യത്തെ നോക്കി
അവൾ സാരി ഞൊറിഞ്ഞുടുക്കും
അവൾക്ക് പ്രവേശനമില്ലാത്ത
പതിനാലാംനിലയിലെ
അതിഥിമുറികളുടെ
കണ്ണാടികൾ
വൃത്തിയാക്കി വയ്ക്കും
ചുണ്ടിൽ ചായം പുരട്ടുകയും
ഉറക്കെ പാട്ട് പാടുകയും
ചെയ്യും
ചില ദിവസങ്ങളിൽ
പതിനാറാം നിലയുടെ
അലക്കുകല്ലിൽ
അവളുടെ സാരിയിലവൾ
ഏതോ ഒരുവന്റെ മണം
കണ്ടെടുക്കും
അവളത് അലക്കാനിടാതെ
വെയിലിന്
മഴവില്ല് വരയ്ക്കാൻ
അയയിൽ
വിരിച്ചിടും
പടിയിലെ
ചുവന്ന ഇലകളുള്ള ചെടിയെ
അവളുടെ
പേരിട്ടു വിളിക്കും
വീണ്ടും
മൂളിപ്പാട്ട് പാടും.